സ്ലേറ്റ് പദ്ധതി : ജപ്പാൻ വിദ്യാർത്ഥി സംഘം കുന്നത്തുനാട്ടിലെത്തി

കുന്നത്തുനാട്ടിലെ സ്കൂളുകളിൽ നടപ്പാക്കുന്ന സ്ലേറ്റ് വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ജപ്പാനിൽ നിന്നുള്ള വിദ്യാർത്ഥി സംഘം ജില്ലയിലെത്തി. ജപ്പാനിലെ സോഫിയാ സർവകലാശാലയിൽ നിന്നുള്ള 10 അംഗ സംഘമാണ് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെത്തിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പി.വി.ശ്രീനിജിൻ എം.എൽ.എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുമായി വിദ്യാർത്ഥികൾ സംവദിച്ചു. സോഫിയാ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകൻ പ്രൊഫ. ജോൺ ജോസഫ് പുത്തൻകളമാണ് സംഘത്തെ നയിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെസിന പരീത്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജൂബിൾ ജോർജ്, ടി.ആർ.വിശ്വപ്പൻ, ബ്ലോക്ക് അംഗങ്ങളായ ശ്രീജ അശോകൻ, ഷൈജ റെജി തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.
എറണാകുളം സെന്റ് തെരേസാസ് കോളേജും പി .വി. ശ്രീനിജിൻ എംഎൽഎയുടെ വിദ്യാജ്യോതി പദ്ധതിയും ചേർന്നാണ് കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സ്ലേറ്റ് പദ്ധതി നടപ്പാക്കുന്നത്. സുസ്ഥിര വികസന സൂചികകളെ ആസ്പദമാക്കിയുള്ള സ്ലേറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കിയാണ് സോഫിയ സർവകലാശാല സംഘം മടങ്ങിയത്.