

കോഴിക്കോട്: സ്കൂളിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ പിന്നാലെയെത്തിയ തെരുവുനായ ആക്രമിച്ചു. കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി യാഷികയ്ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ അരീക്കാട് വെച്ചായിരുന്നു സംഭവം.
ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന യാഷികയെ നായ പിന്നിലൂടെ വന്ന് കാലിൽ കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായ ഒഴിഞ്ഞുപോയത്. കാലിന് പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷയും കുത്തിവെപ്പും നൽകി.
അരീക്കാട് പരിസരത്ത് കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. പ്രദേശം തെരുവുനായ്ക്കളുടെ ഭീതിയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നഗരസഭാ പരിധിയിൽ തെരുവുനായ നിയന്ത്രണ പദ്ധതികൾ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭയന്നാണ് പുറത്തിറങ്ങുന്നത്. അക്രമാസക്തരായ നായകളെ പിടികൂടാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.