

കോഴിക്കോട്: ബസിനുള്ളിലെ ലൈംഗികാരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കളും മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തി. ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ മെഡിക്കൽ കോളേജ് പോലീസ്, ഷിംജിത മുസ്തഫയ്‌ക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബസിൽ വെച്ച് ദീപക് തന്നെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ആരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിലുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നോർത്ത് സോൺ ഡി.ഐ.ജി കേസ് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് വെച്ച് കേസ് കമ്മീഷൻ പരിഗണിക്കും.
ദീപക് ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനല്ലെന്നും സത്യാവസ്ഥ അറിയാതെ വീഡിയോ പ്രചരിപ്പിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയ വഴിയുള്ള 'വിചാരണ' ഒരു മനുഷ്യന്റെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.