

കൽപ്പറ്റ: ദുരന്തബാധിതർക്ക് നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകൾ കൈമാറുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ടൗൺഷിപ്പ് നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും വീടുകൾക്കൊപ്പം തന്നെ തകർന്ന വെള്ളാർമല സ്കൂളിന്റെ പുനർനിർമ്മാണവും സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 289 വീടുകളുടെ വാർപ്പ് പൂർത്തിയായി. പ്ലംബിങ്, ഫ്ലോറിങ്, പ്ലാസ്റ്ററിങ് ജോലികൾ അതിവേഗം നടക്കുന്നു. പ്രതിദിനം 1700-ലധികം തൊഴിലാളികളാണ് അഞ്ച് സോണുകളിലായി ടൗൺഷിപ്പ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 11.42 കിലോമീറ്റർ നീളത്തിൽ റോഡുകൾ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ പണികൾ പുരോഗമിക്കുന്നു.
1183 പേർക്ക് ഡിസംബർ മാസത്തെ ഉപജീവന ബത്തയായി 1,06,47,000 രൂപ അനുവദിച്ചു. ആകെ 15.41 കോടി രൂപ എസ്.ഡി.ആർ.എഫിൽ നിന്നും സി.എം.ഡി.ആർ.എഫിൽ നിന്നുമായി വിതരണം ചെയ്തു. ദുരിതബാധിതർക്ക് ഇതുവരെ 5.91 കോടി രൂപ വാടകയിനത്തിൽ നൽകി കഴിഞ്ഞു.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കർണാടക സർക്കാർ വീട് നിർമ്മാണത്തിനായി 10 കോടി രൂപ നൽകിയപ്പോൾ കേന്ദ്രത്തിൽ നിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ദുരന്തബാധിതരെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ കാഴ്ചവെക്കുന്നതെന്നും ഇതിനെതിരെയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ. രാജൻ പറഞ്ഞു.