മസ്‌കത്ത്: കേരളത്തിൽ വിവിധയിടങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വെറ്ററിനറി ക്വാറന്റൈൻ നിയമപ്രകാരമാണ് ഒമാൻ ഭരണകൂടം ഈ തീരുമാനമെടുത്തത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായാണ് നടപടി. ജീവനുള്ള പക്ഷികൾ, അവയുടെ മാംസം, മുട്ട, മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്കാണ് നിരോധനം.
വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ (WOAH) മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന താപനിലയിൽ പ്രോസസ്സ് ചെയ്തതോ (Heat-treated) ശാസ്ത്രീയമായി സംസ്‌കരിച്ചതോ ആയ ഉൽപ്പന്നങ്ങൾക്ക് നിരോധനം ബാധകമല്ല. മന്ത്രാലയത്തിന്റെ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ബന്ധപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ പക്ഷിപ്പനി സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പരിഗണിച്ച് നിരോധനം നീക്കിയേക്കും.