കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖനെയാണ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധമായ ‘റാംജിനഗർ’ കവർച്ചാ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.(Robbery of Rs 50 lakh in Kasaragod, Main accused of the gang arrested)
മറ്റൊരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് റായ്പൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് കേരള പോലീസ് സംഘം ഇയാളെ വലയിലാക്കിയത്. വാഹനങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്നതിൽ വിദഗ്ധരായ റാംജിനഗർ സംഘം കൃത്യമായ പ്ലാനിംഗോടെയാണ് ഉപ്പളയിലും മോഷണം നടത്തിയത്. കേസിലെ മറ്റ് രണ്ട് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പള ടൗണിൽ നടുക്കുന്ന കവർച്ച നടന്നത്. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ എത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് സംഘം അരക്കോടി രൂപയുമായി കടന്നുകളഞ്ഞത്. മൂന്നംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ കണ്ടെത്തിയിരുന്നു.

