എറണാകുളം: കാലടി സംസ്കൃത സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തി. കനത്ത പോലീസ് സുരക്ഷയിൽ പരിപാടിക്കെത്തിയ ഗവർണർ, തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.(Protesting against everything is not Indian culture, Governor criticizes SFI protest )
എല്ലാ കാര്യങ്ങളിലും പ്രതിഷേധിക്കുന്നത് ഭാരതീയ സംസ്കാരമല്ലെന്ന് ഗവർണർ പറഞ്ഞു. സിന്ദാബാദ്, മുർദാബാദ് വിളികളല്ല നമുക്ക് വേണ്ടത്, മറിച്ച് ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളുമാണ്. ആദിശങ്കരൻ ലോകത്തിന് നൽകിയ സന്ദേശവും ഇതുതന്നെയായിരുന്നു, അദ്ദേഹം ഓർമ്മിപ്പിച്ചു.
അദ്വൈത ദർശനം ലോകത്തിനുള്ള സന്ദേശമാണെന്നും ശങ്കര ജയന്തി ആഘോഷങ്ങൾ കേരളത്തിൽ ഒരു ഔദ്യോഗിക സംസ്ഥാന പരിപാടിയായി ആഘോഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് പലയിടങ്ങളിലും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കേരളത്തിൽ അർഹമായ രീതിയിൽ ശ്രദ്ധിക്കപ്പെടാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ എത്തിയപ്പോഴും മടങ്ങിയപ്പോഴും എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. ഇവരെ പോലീസ് ഗേറ്റിൽ തടഞ്ഞു. ഗവർണർ മടങ്ങുന്ന സമയത്ത് അദ്ദേഹത്തിന് പിന്തുണയുമായി എബിവിപി പ്രവർത്തകരും എത്തിയതോടെ ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിന്നു. ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ ശാന്തമായി. ശങ്കര ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ വിചിത്രമായ സർക്കുലർ വലിയ വിവാദമായിരുന്നു.

