നിര്‍ധന കുടുംബത്തിന്റെ വീട് മഴയില്‍ തകര്‍ന്നു

കിളിമാനൂർ: നിർധന കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ കുടിൽ മഴയിൽ തകർന്നുവീണു. നഗരൂർ കോട്ടയ്ക്കൽ സ്വദേശി സുരേഷിന്റെ വീടാണ് മഴയെ തുടർന്ന് തകർന്നത്. കനത്തമഴയിൽ മൺകട്ട കെട്ടിയ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നു വീണത്.
സുരേഷും ഭാര്യയും മാതാവും വിദ്യാർഥികളായ മൂന്നുമക്കളും ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്നു. സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകാൻ കഴിയാതിരുന്നതിനാൽ നിലവിൽ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നതിനും സാഹചര്യമില്ല. പട്ടികജാതി കുടുംബാംഗമായ ഇവർക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്ന് അടിയന്തരമായി വീട് അനുവദിക്കണമെന്നതാണ് കുടുബത്തിന്റെ ആവശ്യം. കുടുംബം റവന്യൂ അധികൃതർക്കും നഗരൂർ പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.
