ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കരുതലായി വി-ഗാർഡിന്റെ ‘സമവേഷ’ പദ്ധതി

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കരുതലായി വി-ഗാർഡിന്റെ ‘സമവേഷ’ പദ്ധതി
Updated on

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി സൗജന്യ ചർമ്മരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 'സമവേഷ - ഇൻക്ലൂഷൻ വിത്ത് ഡിഗ്നിറ്റി’ എന്ന പദ്ധതിയുടെ ഭാഗമായി ചമ്പക്കര സെന്റ് ജെയിംസ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടത്തിയത്.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, പാർശ്വവൽക്കരണം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെൽഫെയർ സർവീസസ് എറണാകുളവുമായി സഹകരിച്ച് വി-ഗാർഡ് നടപ്പിലാക്കുന്ന പദ്ധതിയിൽ ഇടപ്പള്ളി എം.എ.ജെ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തവർക്ക് ഭക്ഷണക്കിറ്റുകളും കേക്കുകളും വിതരണം ചെയ്തു. "ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും അവർക്ക് മതിയായ പിന്തുണയും ആദരവും ലഭിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയുമാണ് 'സാമവേഷ' ലക്ഷ്യമിടുന്നത്. ഇത്തരം ആരോഗ്യ സുരക്ഷാ പദ്ധതികളിലൂടെ അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും തുല്യത ഉറപ്പാക്കാനും സാധിക്കും," ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത ഡോ. റീന, സമവേശ പദ്ധതിയുടെ ഭാഗമായി മരുന്നുകളും ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി വി-ഗാർഡ് ഇതിനകം തന്നെ വിവിധ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തി വരുന്നുണ്ട്.

വെൽഫെയർ സർവീസസ് എറണാകുളം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍; വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎസ്ആര്‍ ചീഫ് ഓഫീസര്‍ സനീഷ് കെ; ഡോ. നിസ്സി അനിൽ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി പ്രതിനിധി ഹീന എന്നിവരും ചടങ്ങിന്റെ ഭാഗമായി.

Related Stories

No stories found.
Times Kerala
timeskerala.com