

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. (Dr. R Bindu)
തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം ബാധിച്ച് പൂർണ്ണമായും കിടപ്പിലായവർ തുടങ്ങിയവരിൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ള ആളുകളെ പരിചരിക്കുന്ന ഒരാൾക്ക് പ്രതിമാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരം നടപ്പാക്കിവരുന്ന ഈ പദ്ധതിയിൽ നിലവിൽ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിവരുന്നത്. നിലവിലെ ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിക്കഴിഞ്ഞതായും നവംബർ മാസത്തെ ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ പരിചാരകരും, പ്രായാധിക്യമുൾപ്പടെയുള്ള കാരണങ്ങളാൽ കിടപ്പുരോഗികളായവരുടെ പരിചാരകരും അടക്കമുള്ള അപേക്ഷകളിൽനിന്നും, ഭിന്നശേഷിക്കാരുടെ പരിചാരകരായ മുഴുവൻ അർഹരായ അപേക്ഷകർക്കും ധനസഹായം എത്തിക്കും. ഭിന്നശേഷിക്കാരായവരുടെ പരിചാരകരായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ചശേഷം 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്കും ആനുകൂല്യം അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.