തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ (SIR) കരടു പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം. അതേസമയം , 24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം.
അതേസമയം , വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.