പടന്ന ഗ്രാമപഞ്ചായത്ത്, ഗണേഷ് മുക്കിലെ കഫേയില്‍ നിന്നുള്ള ജൈവ അജൈവമാലിന്യങ്ങള്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ തരംതിരിച്ച് നല്‍കാതെ കൂട്ടിയിടുകയും സ്ഥാപനത്തിന് പിറകില്‍ നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് നിക്ഷേപിച്ച് മണ്ണിട്ട് മൂടി സ്ഥലം നികത്തുകയും ചെയ്തതിന് ഉടമയ്ക്ക് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കഫെയുടെ ക്യൂ.ആര്‍ കോഡില്ലാത്ത നിരോധിത ഒറ്റത്തവണ ഉപയോഗ ഗ്ലാസുകളും സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. (Pump owner)
മണ്ണിനടിയില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടെടുത്ത് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുന്നതിന് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും തുടര്‍ പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജിഷ.കെ, സ്‌ക്വാഡ് അംഗങ്ങളായ ടി.സി ഷൈലേഷ്, ജോസ് വി. എം എന്നിവര്‍ പങ്കെടുത്തു.