ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ ദില്ലി പൊലീസ് സ്വീകരിച്ച നടപടിയെ വിമർശിച്ച് ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി രംഗത്ത് ( Murli Manohar Joshi NEET Protest Statement). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിദ്യാർഥികളുടെ ആശങ്കകൾ യഥാർഥമാണെന്നും, അവരെ നിയമ-സമാധാന പ്രശ്നമായി മാത്രം കാണാതെ സഹാനുഭൂതിയോടെയും ദീർഘകാല പരിഹാരത്തിനുള്ള മനോഭാവത്തോടെയും സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ജോഷിയുടെ പ്രതികരണം. നിരവധി ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ ഗൗരവത്തോടെ കേൾക്കണമെന്നും സർക്കാർ അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
It is painful to see young students from different parts of the country assembled for days on the streets of New Delhi. Their anxieties and concerns regarding the examination system are genuine and must be handled with empathy and a desire to find a lasting solution. I fervently…
— Dr. Murli Manohar Joshi (@DrMurliManohar_) July 23, 2026
വിദ്യാർഥി സമരത്തെ കേവലം നിയമ-സമാധാന പ്രശ്നമായി കണ്ട് ബലപ്രയോഗത്തിലൂടെ നേരിടുന്നത് ശരിയായ സമീപനമല്ലെന്നും ജോഷി അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിനിടെ യുവ വിദ്യാർഥിനികളോട് പോലും ക്രൂരമായി പെരുമാറിയതായി കണ്ടത് ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ വികസിത ഭാരതം എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജൂലൈ 20-ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിച്ച ‘ചലോ പാർലമെന്റ്’ മാർച്ചിന് പിന്നാലെയാണ് ദില്ലിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും പൊലീസിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ജന്തർ മന്തറിൽ സിജെപിയുടെ അനിശ്ചിതകാല സമരം തുടരുകയാണ്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയാണ്. സമരത്തിന് നേതൃത്വം നൽകുന്ന സോനം വാങ്‌ചുക്ക് ചികിത്സയിലായിരിക്കെയും നിരാഹാര സമരം തുടരുകയാണ്. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സമരനേതാക്കളുമായി ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ ആവശ്യമായ നിബന്ധനകൾ സിജെപി മുന്നോട്ടുവെച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ച നടത്തുക, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്.
Summary: Senior BJP leader Murli Manohar Joshi criticised the police handling of the NEET protests in New Delhi, saying young women protesters were treated brutally. He urged the government to address students’ concerns with empathy rather than viewing the agitation solely as a law-and-order issue.


