കൊച്ചി: പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ (Mercedes amg e 53 hybrid) ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പെർഫോമൻസ് സെഡാൻ മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ (Mercedes-AMG E 53 Hybrid 4MATIC+) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ടിഫൈഡ് എ.എം.ജി മോഡലായ ഈ വാഹനം എ.എം.ജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
എ.എം.ജി ഇ 53 ഹൈബ്രിഡ് പെർഫോമൻസ് എഡിഷന് 1.45 കോടി രൂപയും റേസിംഗ് എഡിഷന് 1.48 കോടി രൂപയുമാണ് രാജ്യത്തെ എക്‌സ്-ഷോറൂം വില.
3.0 ലിറ്റർ ഇൻ-ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും 120 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ചേർന്നാണ് വാഹനത്തിന് കരുത്തേകുന്നത്. ഇവ രണ്ടും ചേർന്ന് 585 ഹോഴ്‌സ് പവറും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കും. എ.എം.ജിയുടെ ‘റേസ് സ്റ്റാർട്ട്’ (Race Start) മോഡിൽ പരമാവധി കരുത്ത് 612 ഹോഴ്‌സ് പവർ വരെയായി ഉയരും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.8 സെക്കൻഡുകൾ മാത്രം മതി. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗതയെങ്കിലും എ.എം.ജി ഡ്രൈവേഴ്‌സ് പാക്കേജ് വഴി ഇത് 280 കിലോമീറ്റർ വരെ വർദ്ധിപ്പിക്കാനാകും.
പ്രധാന സവിശേഷതകൾ:
ബാറ്ററിയും റേഞ്ചും: 28.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ (WLTP മാനദണ്ഡപ്രകാരം) 100 കിലോമീറ്ററിലധികം ദൂരം പൂർണ്ണമായും ഇലക്ട്രിക് മോഡിൽ മാത്രം സഞ്ചരിക്കാം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത വരെ പെട്രോൾ എഞ്ചിൻ പ്രവർത്തിക്കാതെ വൈദ്യുതിയിൽ ഓടിക്കാൻ സാധിക്കും. 11 കിലോവാട്ട് എ.സി ഓൺബോർഡ് ചാർജർ വാഹനത്തിനൊപ്പം ലഭ്യമാണ്.
സാങ്കേതികവിദ്യയും സസ്പെൻഷനും: എ.എം.ജി റൈഡ് കൺട്രോൾ സസ്പെൻഷൻ, എ.എം.ജി പെർഫോമൻസ് 4മാറ്റിക്+ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ആക്റ്റീവ് റിയർ-ആക്‌സിൽ സ്റ്റിയറിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, വിവിധ ഡ്രൈവിംഗ് മോഡുകൾ എന്നിവ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഇന്റീരിയർ: എം.ബി.യു.എക്സ് (MBUX) ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട്, ഡോൾബി അറ്റ്‌മോസ് ഓഡിയോ, എ.എം.ജി സ്‌പോർട്‌സ് സീറ്റുകൾ, ഇലക്ട്രിക് സൺബ്ലൈൻഡ് തുടങ്ങിയ പ്രീമിയം സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള മെഴ്‌സിഡസ് ബെൻസ് ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായും വിതരണം ഉടൻ തന്നെ ആരംഭിക്കുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
Story Summary: Mercedes-Benz has launched the Mercedes-AMG E 53 Hybrid 4MATIC+ in India with prices starting at Rs 1.45 crore (ex-showroom). The plug-in hybrid performance sedan features a 3.0-litre inline-six turbo engine paired with a 120 kW electric motor, producing up to 612 hp and an EV range of over 100 km.


