തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദം. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നൽകിയ വിശദീകരണത്തിന് പിന്നാലെ, അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.(Opposition Walkout In Kerala Assembly Over PM SHRI Project Debate)
അടിയന്തരപ്രമേയ നോട്ടീസിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ സഭയെ അറിയിച്ചു. നിലവിലെ സർക്കാർ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും, മുൻ എൽഡിഎഫ് സർക്കാരാണ് സംസ്ഥാന താൽപ്പര്യങ്ങൾ ബലികഴിപ്പിച്ച് പദ്ധതിയിൽ ഒപ്പിട്ടതെന്നും മന്ത്രി ആരോപിച്ചു. 2024-ൽ ഇടത് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും, കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം കത്തു നൽകിയിട്ടില്ലെന്നും, പകരം നീട്ടിവെക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, പദ്ധതി അധികാരത്തിൽ വന്നാൽ ഒഴുക്കിക്കളയുമെന്ന് പ്രഖ്യാപിച്ചവരാണ് ഇപ്പോഴത്തെ ഭരണകക്ഷി എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു. അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ പഴയ നിലപാടുകൾ തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ പിഎം ശ്രീ പദ്ധതി നടപ്പായിട്ടില്ലെന്നും, സ്കൂളുകളുടെ പട്ടിക പോലും ഇതുവരെ കൈമാറിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ സർക്കാർ കീഴടങ്ങുകയാണെന്നും അദ്ദേഹം സഭയിൽ ആരോപിച്ചു. ചർച്ചകൾക്ക് ഒടുവിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Story Summary
The Kerala Legislative Assembly witnessed a heated debate over the PM SHRI project, leading to a walkout by the opposition. Education Minister N. Shamsudeen defended the government, blaming the previous LDF administration for the problematic MoU, while Opposition Leader Pinarayi Vijayan criticized the government for failing to scrap the project as promised and accusing them of surrendering to central agendas.

