Times Kerala

 നിപ : ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കി

 
 നിപ : ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കി
 

നിപ വ്യാപനത്തെ തുടർന്ന് ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക ഇല്ലാതെ വളരെ ജാഗ്രതയോടു കൂടി കോഴിക്കോട്ടെ ജനങ്ങൾ നിപയെ നേരിട്ടെന്നും മന്ത്രി പറഞ്ഞു.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഫലപ്രദമായാണ് ക്ലാസുകൾ പുരോഗമിക്കുന്നത്. കൈറ്റ് രൂപകൽപ്പന ചെയ്ത ജി സ്യൂട്ട് വഴിയാണ് ഓൺലൈൻ ക്ലാസുകൾ നൽകുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലയിൽ മുഴുവനായി ജി സ്യൂട്ട് വഴി ക്ലാസുകൾ നൽകുന്നത്. കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ ക്ലാസ്സുകളിൽ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നൽകാൻ എടുത്ത തീരുമാനം വളരെ ഫലപ്രദമായി യാഥാർത്ഥ്യമാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, പി ടി എ തുടങ്ങി എല്ലാവരും ഒരുമിച്ചു നിന്നു. ഇതിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും വിദ്യാഭ്യാസ വകുപ്പിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഓൺലൈനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവരും മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ എ ഗീത, എ ഡി പി ഐ എൻ. ഷൈൻ മോൻ, എ ഡി എം സി. മുഹമ്മദ് റഫീഖ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ, സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

Related Topics

Share this story