കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് 'ശുദ്ധികലശം' നടത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. താൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും ഇത് ജാതീയമായ അധിക്ഷേപമാണെന്നും അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു.(Panchayat President files complaint against Muslim League activists)
പ്രസിഡന്റ് എന്ന നിലയിൽ താനിരുന്ന കസേരയിലും ഓഫീസിലും ശുദ്ധികലശം നടത്തിയത് താൻ ദളിത് വിഭാഗക്കാരനായതുകൊണ്ടാണ്. ഇത് തന്നെ മാനസികമായി വളരെയധികം തളർത്തിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപത്തുള്ള മറ്റ് പല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചിട്ടുണ്ട്. എന്നാൽ ഒരിടത്തും ഇത്തരത്തിൽ 'ശുദ്ധി വരുത്തുന്ന' പരിപാടികൾ നടത്തിയിട്ടില്ല. ചങ്ങരോത്ത് മാത്രം ഇത് നടപ്പിലാക്കിയത് തന്റെ ജാതി നോക്കിയാണെന്ന് അദ്ദേഹം ആരോപിച്ചു.
തന്നെയും തന്റെ വിഭാഗത്തെയും അപമാനിച്ച ലീഗ് പ്രവർത്തകർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പോലീസിനെ സമീപിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ലീഗ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.