2 ദിവസം ആളൊഴിഞ്ഞ ചതുപ്പിൽ അവശ നിലയിൽ: കാണാതായ പ്രവാസി യുവാവിനെ കണ്ടെത്തി | Missing

രക്ഷകനായി ജനപ്രതിനിധി
2 ദിവസം ആളൊഴിഞ്ഞ ചതുപ്പിൽ അവശ നിലയിൽ: കാണാതായ പ്രവാസി യുവാവിനെ കണ്ടെത്തി | Missing
Updated on

ആലപ്പുഴ: രണ്ടു ദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് കണ്ടെത്തിയത്. ബുധനൂരിലെ ജനപ്രതിനിധിയുടെ സമയോചിതമായ ഇടപെടലാണ് യുവാവിനെ ജീവനോടെ കണ്ടെത്താൻ സഹായിച്ചത്.(Missing expatriate youth found after 2 days in deserted swamp)

കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു, ഞായറാഴ്ച വൈകിട്ട് ചെട്ടികുളങ്ങരയിലുള്ള തന്റെ പ്രതിശ്രുത വധുവിനെ കാണാൻ പോയതായിരുന്നു. രാത്രി മടങ്ങുന്നതിനിടെ എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്തുവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും പത്തടി താഴ്ചയുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം.

മകൻ മടങ്ങിയെത്താത്തതിനെ തുടർന്ന് പിതാവ് മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യം സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിഷ്ണു സഞ്ചരിച്ച വഴി ഏകദേശം വ്യക്തമായി. തുടർന്ന് ഈ വഴിയിലൂടെ ബുധനൂരിലെ ജനപ്രതിനിധിയും സംഘവും നടത്തിയ തിരച്ചിലിലാണ് ചതുപ്പിൽ കറുത്ത നിറത്തിലുള്ള ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നടത്തിയ പരിശോധനയിൽ ചതുപ്പിനുള്ളിൽ അവശനിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു.

വിഷ്ണുവിനെ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. രണ്ടുദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ചതുപ്പിൽ കിടന്നതിനാൽ അതീവ അവശനിലയിലായിരുന്നുവെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com