പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് (53) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അയൽവാസിയായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിലയിരുത്തി കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. തുക നൽകാൻ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കിൽ 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.(Nenmara Double Murder Case Court Awards Death Penalty To Accused Chenthamara)
പ്രതിയിൽ ഒരു തരത്തിലുള്ള മാനസാന്തരത്തിനും സാധ്യതയില്ലെന്നും സമൂഹത്തിനും ഇരകളുടെ കുടുംബത്തിനും ഇയാൾ വലിയ ഭീഷണിയാണെന്നും വിലയിരുത്തിയാണ് കോടതി നടപടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി ഈ ക്രൂരമായ ഇരട്ടക്കൊലപാതകം നടത്തിയത്. നേരത്തെ 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ഈ കേസിൽ 2022-ൽ ജാമ്യത്തിലിറങ്ങിയ പ്രതി, ആ വ്യവസ്ഥകൾ ലംഘിച്ച് പോത്തുണ്ടിയിൽ താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ജനുവരി 27-ന് അയൽവാസികളായ സുധാകരനെയും ലക്ഷ്മിയെയും ഇയാൾ വെട്ടിക്കൊലപ്പെടുത്തുന്നത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തുടർന്ന് ഫെബ്രുവരി 18-ന് ഇയാളുടെ ആദ്യ കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മാർച്ച് 25-ന് സമർപ്പിച്ച 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം നിർണായക രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. വിചാരണ വേളയിൽ താൻ ഗാന്ധിയൊന്നുമല്ലെന്നും ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും കുറ്റം കൃത്യമായി തെളിയിക്കുന്നുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളി വധശിക്ഷ പ്രഖ്യാപിച്ചത്.
Story Summary
The Palakkad Additional Sessions Court awarded the death penalty to Chenthamara, the prime accused in the shocking Nenmara twin murder case. Chenthamara, who was already out on bail for a 2019 murder case, brutally hacked his neighbor Sudhakaran and his mother Lakshmi to death. The court dismissed the defense’s arguments, citing a lack of reformation potential and visual proof of calculated cold-blooded execution.


