ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി സജിയെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത്. മേരിക്കുട്ടിയുടെ രണ്ടാമത്തെ മകനാണ് സജി.(Nedumkandam double murder, Accused Saji remanded for 14 days)
സ്വത്ത് തർക്കവും തന്റെ വിവാഹാലോചനയെ വീട്ടുകാർ എതിർത്തതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സജി പോലീസിന് മൊഴി നൽകി. സജി ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ച ശേഷം ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
വീട്ടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം രണ്ട് ദിവസം മൃതദേഹങ്ങൾ ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വെച്ചു. മൂന്നാം ദിവസമാണ് വീടിന് സമീപം കുഴിച്ചുമൂടിയത്. സംഭവത്തിന് ശേഷം ദിവസങ്ങളോളം സജി ഇതേ വീട്ടിൽ തന്നെ കഴിഞ്ഞിരുന്നു. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന പരാതിയിൽ ഞായറാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സജി ഒളിവിൽ പോയത്. വീടിന് സമീപത്തെ പറമ്പിൽ രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞ പ്രതിയെ, ഡ്രോണും പോലീസ് നായയും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. പോലീസ് വലയിലാകുമെന്ന് ഉറപ്പായതോടെ മലയിറങ്ങിയ സജിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സജിയുടെ പിതാവ് മാത്യുവിനെ 2018-ൽ സമാന സാഹചര്യത്തിൽ കാണാതായിരുന്നു. ഈ സംഭവത്തിലും സജിക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.

