തിരുവനന്തപുരം: ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ ‘നന്ദഗോവിന്ദം ഭജൻസ്’ സംഘത്തെ സംഘ്പരിവാർ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan Nandagovindam Bhajans). ജനങ്ങളെ ഒന്നിപ്പിക്കുന്ന കലാരൂപങ്ങളെയും സംവിധാനങ്ങളെയും ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭജൻസിനിടെ ക്രിസ്തീയ ഗാനം പാടിയപ്പോൾ എല്ലാവരും കൈയടിച്ച് സ്വീകരിച്ചെങ്കിലും സംഘ്പരിവാർ അതിൽ വർഗീയതയാണ് കണ്ടത്. അമ്പലക്കമ്മിറ്റി പോലും ഭജൻസ് സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇത്തരം വിദ്വേഷ നീക്കങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ എൽ.ഡി.എഫ് 90-ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് എം.വി. ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വടകര, നാദാപുരം മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചു നൽകി. ഇതിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകരെ പുറത്താക്കിയത് ഇതിന് തെളിവാണ്. പഴയ ‘കോലീബി’ സഖ്യത്തിന് സമാനമായ നീക്കമാണ് ഷാഫി പറമ്പിലിന്റെയും പാറക്കൽ അബ്ദുള്ളയുടെയും നേതൃത്വത്തിൽ നടന്നത്.
വടകര മേഖലയിൽ മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണ്. ഇത്തരം പ്രകോപനങ്ങളിൽ വീഴാതെ സി.പി.എം പ്രവർത്തകർ ആത്മസംയമനം പാലിക്കണം- അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ അനാവശ്യമായ സംശയങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ആദ്യഘട്ടം മുതൽ തന്നെ പാർട്ടിക്കുള്ള വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. യു.ഡി.എഫിനുള്ളിലെ നിലവിലെ തർക്കങ്ങൾ മെയ് 4-ന് ഫലം വരുന്നതോടെ അവസാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
Story Summary: CPM State Secretary M.V. Govindan condemned the Sangh Parivar threats against ‘Nandagovindam Bhajans’ for singing a Christian devotional song. He predicted a massive victory for the LDF with over 90 seats in the Assembly elections and alleged a UDF-BJP secret deal in constituencies like Vadakara and Nadapuram.

