Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaമുണ്ടത്തിക്കോട് ദുരന്തം: വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്ന് ദേവസ്വങ്ങൾ, നിർണ്ണായക യോഗം...

മുണ്ടത്തിക്കോട് ദുരന്തം: വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്ന് ദേവസ്വങ്ങൾ, നിർണ്ണായക യോഗം ഇന്ന്, 4 പേരുടെ പരിക്ക് ഗുരുതരം, സ്ഫോടകശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും | Mundathikode blast

🎙️ Latest Podcast

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് തൃശൂർ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 10 പേരിൽ 4 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Mundathikode blast, Devaswoms want to hold Thrissur Pooram without fireworks)

അപകടസ്ഥലത്തുനിന്ന് ലഭിച്ച, തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് ശരീരഭാഗങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ നാല് ദിവസത്തിനുള്ളിൽ ഇവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താനാണ് അധികൃതരുടെ ശ്രമം. കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷ് മുണ്ടത്തിക്കോട് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കണമെന്ന നിർണ്ണായക നിലപാടിലാണ് പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ. ആചാരപരമായ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് ഇരു വിഭാഗങ്ങളുടെയും ആലോചന. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും.

സ്‌ഫോടനം നടന്ന പാടശേഖരത്തിൽ ഇന്ന് വീണ്ടും പരിശോധന നടത്തും. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായകളെ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും. അപകടസ്ഥലത്ത് ബാക്കിയുള്ള സ്ഫോടകശേഖരം സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാൻ റവന്യൂ വകുപ്പും പോലീസും നടപടി ആരംഭിച്ചു. സ്ഫോടനത്തിന് കാരണമായ വസ്തുക്കളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണ് പ്രാഥമിക ദൗത്യമെന്ന് ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.