തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന തർക്കങ്ങളെ പരിഹസിച്ച് സിപിഐഎം മുതിർന്ന നേതാവ് എം.എം. മണി (M.M. Mani Facebook post). യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചനയുണ്ടെന്നാണ് ഒരു നീളൻ ബെഞ്ചിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മണി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസിൽ നിരവധി നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ പരിഹാസം. യുഡിഎഫിന് അധികാരം ലഭിക്കില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച മണി, മുസ്ലിം ലീഗിനെ മുൻനിർത്തിയും മുന്നണിക്ക് മുന്നറിയിപ്പ് നൽകി.
“മെയ് 4 വരെ യുഡിഎഫിൽ കലഹം ഒഴിവാക്കാൻ ധാരണയുണ്ടെന്നാണ് കേൾക്കുന്നത്. മെയ് 4-ന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ലീഗ് കൊണ്ടുപോകാതെ ശ്രദ്ധിച്ചോളൂ” എന്നായിരുന്നു മണിയുടെ ഉപദേശം. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായ പോസ്റ്റിന് താഴെ സ്വാമി സന്ദീപാനന്ദഗിരി ഉൾപ്പെടെയുള്ളവർ കമന്റുകളുമായി എത്തി. “താഴെ വീഴാതിരിക്കാൻ രണ്ട് സൈഡിലും സ്റ്റോപ്പർ വേണം” എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ പരിഹാസം.
വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് ക്യാമ്പുകളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരുന്നു. ഫലം വരുന്നതിന് മുൻപേ ചർച്ചകൾ പാടില്ലെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയിട്ടും മുതിർന്ന നേതാക്കൾക്കിടയിലെ തർക്കം തുടരുന്നതിനിടെയാണ് മണിയുടെ ഈ രാഷ്ട്രീയ പരിഹാസം.
Summary: Senior CPI(M) leader M.M. Mani mocked the infighting within the Congress over the Chief Ministerial post by suggesting the “CM chair should be replaced with a long bench.” In a viral Facebook post, he also warned the UDF to protect its Opposition Leader position from the IUML after the election results on May 4.

