ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കേന്ദ്രസേനയുടെ ഉൾപ്പെടെ കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.(Tamil Nadu and West Bengal elections, Voting begins, tight security)
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗിൽ തുടക്കം മുതൽക്കേ ബൂത്തുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആകെ 4,023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഡിഎംകെ – എഐഎഡിഎംകെ മുന്നണികൾ തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിനൊപ്പം വിജയ്‌യുടെ ടിവികെയുടെ സാന്നിധ്യവും ഇത്തവണ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
ബംഗാളിൽ ആദ്യഘട്ടത്തിൽ വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ഊർജ്ജസ്വലമായ പ്രചാരണം തങ്ങളെ തുണയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ, ബംഗാൾ വികാരവും മമതയുടെ റാലികളും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ടിഎംസി. തിരഞ്ഞെടുപ്പ് വേളയിലെ അക്രമങ്ങൾ തടയാൻ ബൂത്തുകളിൽ കനത്ത സുരക്ഷാ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിസിടിവി നിരീക്ഷണവും ഡ്രോൺ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഭരണത്തുടർച്ചയുണ്ടാകുമോ അതോ അട്ടിമറി സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.

