തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും വിവിധ വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളെ തിരുകിക്കയറ്റുന്നതിനെതിരെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു (Minister Bindhu Krishna Private Secretary Controversy). ഏറ്റവുമൊടുവിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത്ചന്ദ്രനെ നിയമിച്ചതിനെതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ച് ബിജെപി അനുഭാവിയാണെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രധാന ആരോപണം. സമാനമായ രീതിയിൽ മുൻ സ്പീക്കർ കൂടിയായ എൻ. ശക്തൻ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റായി സിപിഎം യൂണിയനിൽപെട്ട ആളെ നിയമിച്ചതിനെതിരെയും യുഡിഎഫ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഈ വിവാദ തീരുമാനങ്ങൾ തിരുത്താൻ ഇതുവരെ ഭരണനേതൃത്വം തയ്യാറായിട്ടില്ല.
ഇതിനിടെ, മുൻപ് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെതിരെ ‘സതീശന്റെ നുണകൾ’ എന്ന പേരിൽ ഫെയ്സ്ബുക് പേജ് ആരംഭിച്ച് വ്യാപകമായ വ്യാജപ്രചാരണം നടത്തിയ പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാരനെതിരെ സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഈ അന്വേഷണം അട്ടിമറിക്കാനും ഇയാൾക്ക് സുരക്ഷിത തസ്തിക ഉറപ്പാക്കാനുമായി ഒരു സിപിഎം എംഎൽഎയുടെ പിഎ ആയി നിയമിക്കാൻ അണിയറയിൽ ശക്തമായ നീക്കങ്ങൾ നടക്കുന്നതായും ആക്ഷേപമുണ്ട്. പിആർഡി പോലുമറിയാതെയുള്ള ഈ നീക്കങ്ങൾക്ക് പിന്നിൽ സർക്കാരിനുള്ളിലെ തന്നെ ചില എൽഡിഎഫ് അനുകൂല ലോബികളാണെന്നാണ് സർവീസ് സംഘടനകൾ ആരോപിക്കുന്നത്. ഇയാൾ വി.ഡി. സതീശനെതിരെ അപവാദ പ്രചാരണത്തിന് ആഹ്വാനം ചെയ്ത് ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സാപ് ഗ്രൂപ്പിലിട്ട നിർണായക സന്ദേശങ്ങൾ സന്ദീപ് വാരിയർ എംഎൽഎയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഭരണമാറ്റം വന്നിട്ടും മുൻ പിണറായി സർക്കാരിലെ പ്രമുഖരുടെ ബന്ധുക്കളെയും അനുയായികളെയും മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലേക്കും മറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിലേക്കും തിരുകിക്കയറ്റാൻ വലിയ ചരടുവലികൾ നടക്കുന്നുണ്ടെന്ന് സർവീസ് സംഘടനകൾ കുറ്റപ്പെടുത്തുന്നു. മറുവശത്ത് കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ തഴഞ്ഞിരുന്ന യുഡിഎഫ് അനുഭാവിയായ പിആർഡി അഡിഷനൽ ഡയറക്ടറെ വകുപ്പിൽ തിരിച്ചെത്തിക്കാൻ പോലും നിലവിലെ ഭരണകൂടം അനുവദിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് എൽഡിഎഫ് ഭരണമായിരുന്നതിനാൽ, ഭരണപരിചയമുള്ള യുഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥരെ പേഴ്സണൽ സ്റ്റാഫിലേക്ക് ലഭിക്കാനില്ലെന്ന പ്രായോഗിക ബുദ്ധിമുട്ടാണ് ചില മന്ത്രിമാർ സ്വകാര്യമായി പങ്കുവെക്കുന്നത്.
Summary: UDF-aligned service organizations have expressed strong dissatisfaction over the appointment of LDF sympathizers to key ministerial personal staff positions. Local Congress workers in Kollam openly protested against the appointment of Minister Bindhu Krishna’s Private Secretary, alleging he has BJP ties. Meanwhile, allegations have surfaced regarding attempts to shield a PRD employee who ran a defamatory social media campaign against V.D. Satheesan by appointing him as a CPM MLA’s PA.

