മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

ചിങ്ങവനം: മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി മുളകോടിപറമ്പിൽ വീട്ടിൽ അജിത് ഐസക്കിനെയാണ് (32) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപവാസിയായ മധ്യവയസ്കനെയാണ് ഇയാൾ ആക്രമിച്ചത്. തന്റെ വീടിന്റെ വാതിലിൽ യുവാവ് സ്ഥിരമായി കൊട്ടുകയും ജനലിൽകൂടി നോക്കുകയും ചെയ്യുന്നതായി മധ്യവയസ്കൻ യുവാവിന്റെ അമ്മയോട് പരാതി പറഞ്ഞുകൊണ്ടിരുന്ന സമയത്തായിരുന്നു പ്രതി ആക്രമണം നടത്തിയത്,

യുവാവ് മധ്യവയസ്കനെ അസഭ്യം പറയുകയും യുവാവിന്റെ വീട്ടിലെ കോഴിക്കൂടിന് മുകളിൽ പാകിയിരുന്ന ഓട് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മധ്യവയസ്കന്റെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചിങ്ങവനം എസ്.എച്ച്.ഒ ബി.എസ്. ബിനു, എസ്.ഐമാരായ വിപിൻ ചന്ദ്രൻ, ഷാജിമോൻ, സി.പി.ഒമാരായ അനിൽകുമാർ, മണികണ്ഠൻ, സഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.