ബംഗളൂരു: ബംഗളൂരു ബൊമ്മസാന്ദ്രയിലെ ബിടിഎൽ നഴ്‌സിംഗ് കോളേജിൽ രണ്ടാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിയായ ആദിത്യനെ (19) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Adithyan Death Bengaluru). അതേസമയം , തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയോടെയാണ് ആദിത്യൻ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കോളേജ് അധികൃതർ വീട്ടുകാരെ ഫോണിലൂടെ അറിയിക്കുന്നത്. വിവരമറിഞ്ഞ് വീട്ടുകാർ ഉടൻ ബംഗളൂരുവിലേക്ക് പുറപ്പെട്ടെങ്കിലും അവിടെ എത്തിയപ്പോഴാണ് ആദിത്യൻ മരിച്ച വിവരം അറിയുന്നത്. മൃതദേഹം ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആദിത്യൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ ഉറച്ച വിശ്വാസം. മരണത്തിന് തൊട്ടുതലേദിവസം രാത്രിയും ആദിത്യൻ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വളരെ സന്തോഷവാനായി സംസാരിച്ച മകൻ പെട്ടെന്ന് ജീവനൊടുക്കാൻ ഒരു സാഹചര്യവുമില്ലെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിലും മരണവിവരം വൈകിപ്പിച്ചതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ഹെബഗോഡി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിത്യന്റെ ഫോൺ രേഖകളും ഹോസ്റ്റലിലെ സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Story Summary: Adithyan (19), a second-year BSc Nursing student at BTL Nursing College in Bengaluru and a native of Aruvikkara, Thiruvananthapuram, was found dead in his hostel room. His family has filed a police complaint at Hebbagodi station alleging mystery behind the death, stating that he was happy during a video call the previous night.

