നടപടി കർക്കശമാക്കുമ്പോഴും മൂന്നാറിൽ മാലിന്യംതള്ളൽ തുടരുന്നു

ഹെഡ് വർക്സ് ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിരിക്കുന്നതിനാൽ പുഴയിൽ വെള്ളം കുറവാണ്. ഇതുമൂലം മാലിന്യം ഒഴുകിപ്പോകാതെ കിടക്കുകയാണ്. പാലത്തിന്റെ കൈവരിയിലും മാലിന്യപ്പൊതികൾ തൂങ്ങിക്കിടപ്പുണ്ട്. പാതയോരങ്ങളിൽ വിനോദസഞ്ചാരികൾ മാലിന്യം അലസമായി വലിച്ചെറിയുന്നതും കൂടിയിട്ടുണ്ട്. സന്ദർശകരുടെ വൻ തിരക്കായതിനാൽ അതിനനുസരിച്ച് ടൗണും പരിസരപ്രദേശങ്ങളും വൃത്തിഹീനമാവുന്നു.
പൊതുയിട മാലിന്യ നിക്ഷേപത്തിനെതിരെ ഒട്ടേറെ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നത്. ടൗണിൽ പലഭാഗത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തി പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന മാലിന്യം ശേഖരിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും പഴയ മൂന്നാറിൽ ഹരിത ചെക്പോസ്റ്റും സ്ഥാപിച്ചു. ഇതിനിടെയാണ് പുഴയെ മലിനമാക്കി ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത്.