കോഴിക്കോട്: മെഡിക്കൽ രംഗത്ത് സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. രാജ്യത്താദ്യമായി 3000 തൈറോയ്ഡ് പിൻഹോൾ (Thyroid Pinhole) ചികിത്സകൾ വിജയകരമായി പൂർത്തിയാക്കിയാണ് ആസ്റ്റർ മിംസ് ഈ ദേശീയ നേട്ടം സ്വന്തമാക്കിയത് (Kozhikode Aster MIMS thyroid pinhole treatment). ഈ അത്യാധുനിക ചികിത്സയിലൂടെ രോഗമുക്തി നേടിയവരുടെ സംഗമവും ഇതിന് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ സംഘത്തെ ആദരിക്കുന്ന ചടങ്ങും ആശുപത്രിയിൽ വെച്ച് നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (COO) ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം നിർവഹിച്ചു.
കഴുത്തിൽ വലിയ ശസ്ത്രക്രിയകളോ പേടിപ്പെടുത്തുന്ന മുറിപ്പാടുകളോ ഇല്ലാതെ, ഒരു പ്രത്യേക സൂചി മാത്രം ഉപയോഗിച്ച് തൈറോയ്ഡ് മുഴകൾ കരിച്ചു കളയുന്ന അത്യാധുനിക റേഡിയോഫ്രീക്വൻസി അബ്ലേഷൻ രീതിയാണ് പിൻഹോൾ പ്രൊസീജിയർ. വലിയ ശസ്ത്രക്രിയകളെ ഭയന്നിരുന്ന മൂവായിരത്തോളം രോഗികൾക്കാണ് ഈ ലളിതമായ ചികിത്സയിലൂടെ വളരെ പെട്ടെന്ന് ആശ്വാസം നൽകാൻ കഴിഞ്ഞതെന്ന് ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മെഡിക്കൽ രംഗത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഇത്തരം സാങ്കേതികവിദ്യകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും, മലബാറിലെ ജനങ്ങൾ കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ദേശീയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത ശസ്ത്രക്രിയകൾക്ക് പകരമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചികിത്സ സഹായിച്ചതായി കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നുമായി ഒത്തുചേർന്ന രോഗികൾ സാക്ഷ്യപ്പെടുത്തി. തങ്ങൾക്ക് പുതുജീവൻ നൽകിയ മെഡിക്കൽ സംഘത്തെ രോഗികൾ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ 25 വർഷമായി കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്ത് നിർണ്ണായക സ്വാധീനമായി തുടരുന്ന കോഴിക്കോട് ആസ്റ്റർ മിംസ്, പ്രാദേശിക തലത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. വരും നാളുകളിലും പാർശ്വഫലങ്ങളില്ലാത്ത കൂടുതൽ അത്യാധുനിക ചികിത്സാരീതികൾ സാധാരണക്കാർക്കായി അവതരിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മൻ, സീനിയർ കൺസൾട്ടന്റ് ന്യൂറോളജി ഡോ. മുഹമ്മദ് റഫീഖ് പി.കെ, ഡോ. കിഷോർ കണിയഞ്ചാലിൽ, എജിഎം മാർക്കറ്റിംഗ് അനു എസ്. കടയത്ത്, അസിസ്റ്റന്റ് മാനേജർ ഓപ്പറേഷൻസ് ടീന ആനി ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Story Summary: Kozhikode Aster MIMS has achieved a national milestone by successfully completing 3,000 thyroid pinhole procedures, becoming the first hospital in India to do so. Hospital COO Dr. Gopinath Mampallikkalam inaugurated a gather-together event for recovered patients, who honored the medical team for providing non-surgical treatments without scars.

