HomeKeralaരണ്ടുവയസ്സുകാരനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം ശിക്ഷ |...

രണ്ടുവയസ്സുകാരനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം ശിക്ഷ | Kochi Child Murder

കൊച്ചി: തോപ്പുംപടിയിൽ രണ്ട് വയസ്സുള്ള ആൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു (Kochi Child Murder). കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്. 2010 ഫെബ്രുവരിയിലായിരുന്നു മനഃസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.

ഭർത്താവ് ഗൾഫിൽ പോയ സമയത്ത് കുട്ടിയുടെ അമ്മ സുഹൃത്തായ സുഭാഷിനൊപ്പം ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസിക്കവേയാണ് കൊലപാതകം നടന്നത്. കുട്ടിയെ ഒഴിവാക്കിയാൽ മാത്രമേ തനിക്ക് അമ്മയ്‌ക്കൊപ്പം സ്വസ്ഥമായി ജീവിക്കാൻ കഴിയൂ എന്ന ചിന്തയാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.

2010 ഫെബ്രുവരി 25-ന് രാവിലെ ഏഴ് മണിയോടെ കുട്ടിയുടെ അമ്മ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി കുഞ്ഞിനെ പൈപ്പിൻ ചുവട്ടിലെത്തിച്ച് വെള്ളത്തിൽ നനയ്ക്കുകയും പിന്നീട് ബക്കറ്റിലെ വെള്ളത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തത്. അപകടമാണെന്ന് വരുത്തിത്തീർക്കാൻ കുട്ടിയെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് സംശയം തോന്നിയതാണ് കേസിൽ നിർണ്ണായകമായത്.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രധാന സാക്ഷി വിചാരണവേളയിൽ കൂറുമാറിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ സാഹചര്യത്തെളിവുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പള്ളുരുത്തി ഇൻസ്‌പെക്ടർ കെ. സജീവാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എ. ബിന്ദു ഹാജരായി.

Clickable Info Box