തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഏപ്രിൽ 23, 24, 27 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Update). മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
പ്രധാന ജാഗ്രതാ നിർദേശങ്ങൾ:
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും. ജനലും വാതിലും അടച്ചിടുകയും അവയുടെ അടുത്തുനിന്ന് മാറിനിൽക്കുകയും ചെയ്യുക.
വൈദ്യുതോപകരണങ്ങൾ: മിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല).
പുറത്തിറങ്ങുമ്പോൾ: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ വിടരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക.
യാത്രക്കാർ ശ്രദ്ധിക്കാൻ: സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര മിന്നൽ സമയത്ത് ഒഴിവാക്കണം. കാറിനുള്ളിലോ മറ്റ് അടച്ച വാഹനങ്ങൾക്കുള്ളിലോ ഇരിക്കുന്നത് സുരക്ഷിതമാണ്.
ജലാശയങ്ങൾ: ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. മത്സ്യബന്ധനം, ബോട്ടിങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ കരയിലേക്ക് മടങ്ങണം.
വളർത്തുമൃഗങ്ങൾ: വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴ തുടങ്ങുമ്പോൾ അവയെ മാറ്റിക്കെട്ടാൻ പോകുന്നത് മിന്നലേൽക്കാൻ കാരണമായേക്കാം.
പ്രഥമ ശുശ്രൂഷ: മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണ്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുക.
കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
Story Summary: The Central Meteorological Department has warned of thunderstorms and strong winds (40-50 kmph) in Kerala on April 23, 24, and 27. The State Disaster Management Authority has issued comprehensive safety guidelines to prevent lightning-related accidents and urged the public to stay indoors during storms.

