തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.(Kerala Heavy Rain Landslide 4 Dead Red Alert 8 Districts )
ഇടുക്കി അടൂർമലയിൽ വൻ ഉരുൾപൊട്ടലിൽ വീട് തകർന്ന് മഷിക്കല്ലേൽ സുമതി മരണപ്പെട്ടു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണ് മണക്കാട്ട് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവർ മരിച്ചു.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. ഉപ്പുതറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടലിൽ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ ഡ്രൈവർ രാജേഷിന്റെ വീട് പൂർണ്ണമായും ഒഴുകിപ്പോയി.
പത്തനംതിട്ട റാന്നി ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലായി. കോട്ടയം ഈരാറ്റുപേട്ട-വാഗമൺ, പാലാ-ഈരാറ്റുപേട്ട റോഡുകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കെ.കെ. റോഡിലും കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലും വെള്ളം കയറി. കൂട്ടിക്കൽ ടൗണും മുണ്ടക്കയം കോസ്‌വേയും നടക്കൽ പ്രദേശങ്ങളും മുങ്ങിയിരിക്കുകയാണ്. കിഴക്കൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂട്ടിക്കൽ, ഈരാറ്റുപേട്ട, മണിമല പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
Story Summary
Torrential rains trigger massive landslides in Idukki and Kottayam claiming 4 lives. IMD has issued a Red Alert for 8 districts as major towns including Ranni and Erattupetta face severe flooding and road blockades.


