പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് വിവാദമാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ പമ്പ പോലീസ് കേസെടുത്തു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.(Helicopter flies low over Sabarimala shrine, police registers case)
കോസ്റ്റ് ഗാർഡിന്റെ ‘ചേതക്’ ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളിലെത്തിയത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തെത്തിയപ്പോൾ ഹെലികോപ്റ്ററിന്റെ വേഗത കുറച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും മനപ്പൂർവ്വമല്ല സന്നിധാനത്തിന് മുകളിലെത്തിയതെന്നുമാണ് കോസ്റ്റ് ഗാർഡിന്റെ പ്രാഥമിക വിശദീകരണം.
തങ്ങളുടെ ഹെലികോപ്റ്റർ റഡാർ അധിഷ്ഠിതമല്ലെന്നും ജിപിഎസ് ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിന്റെ ഭാഗമായിരുന്നില്ല ഈ യാത്രയെന്നും അധികൃതർ അറിയിച്ചു.

