കണ്ണൂരിൽ അഞ്ചുപേരുടെ ആത്മഹത്യ: മൂത്തമകനെ ജീവനോടെ കെട്ടിത്തൂക്കിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടികളെ കൊല്ലുന്നതിന് മുമ്പ് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയതായും മൂത്തമകൻ സൂരജിനെ ജീവനോടെ തൂങ്ങിമരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മറ്റ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദമ്പതികളായ ഷാജിയും ശ്രീജയും തൂങ്ങി ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.
നിർമാണത്തൊഴിലാളികളായ മുളപ്ര ഹൗസിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി ശ്രീജ (38), ഇവരുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് 16നായിരുന്നു ഷാജിയും ശ്രീജയും വിവാഹിതരായത്.ഇരുവരും നിയമപരമായി ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. ശ്രീജയുടെ ആദ്യ ഭർത്താവ് സുനിൽകുമാറിന്റെ വീട്ടിലാണ് അഞ്ചുപേരും താമസിച്ചിരുന്നത്. വീട് ഒഴിയണമെന്നാവശ്യപ്പെട്ട് സുനിൽകുമാർ നൽകിയ പരാതിയിൽ ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പൊലീസ് പറഞ്ഞു.