തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Widespread rain likely in Kerala, yellow alert in two districts tomorrow)
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് വൈകുന്നേരമോ രാത്രിയോടെയോ ശ്രീലങ്കയിലെ ഹബൻടോട്ടയ്ക്കും കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. കൂടാതെ, തെക്കൻ കേരളത്തിന് സമീപം അറബിക്കടലിൽ ഒരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.
അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 12 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല. എന്നാൽ അയൽ സംസ്ഥാനങ്ങളിലെ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ജനുവരി 10 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.