കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ 11-ന് കൊച്ചി കടവന്ത്രയിലെ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. നേരത്തെ രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന അൻവർ, ഇത്തവണ നേരിട്ടെത്തുകയായിരുന്നു. അൻവറിന്റെ ഡ്രൈവറെയും ഇഡി ചോദ്യം ചെയ്തു.
2016-ൽ 14.38 കോടി രൂപയായിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തി 2021-ൽ 64.14 കോടിയായി വർദ്ധിച്ചതിനെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മാലാംകുളം കൺസ്ട്രക്ഷൻസ്, പീവീആർ ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിൽ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറി.
അതേസമയം , മാലാംകുളം കൺസ്ട്രക്ഷൻസ് മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണെങ്കിലും ഇതിന്റെ യഥാർത്ഥ ഉടമ താൻ തന്നെയാണെന്ന് അൻവർ സമ്മതിച്ചതായി ഇഡി വ്യക്തമാക്കി. ബിനാമി ഇടപാടുകൾ സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.
ഒരേ വസ്തുവിന്റെ ഈടിൽ ഒന്നിലധികം വായ്പകൾ അനുവദിച്ചതിൽ കെഎഫ്‌സി ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ഇഡി സംശയിക്കുന്നു.
നേരത്തെ അൻവറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ നിരവധി നിർണ്ണായക രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്.