കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. (Dr MK Ram Rearrested)
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ഡോ. റാമിനെ പിടികൂടിയിരുന്നെങ്കിലും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു അറസ്റ്റ് നടന്നതെന്ന് കോടതി നിരീക്ഷിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. തുടർന്ന് നോട്ടീസ് നൽകി വിട്ടയച്ചിരുന്ന പ്രതിയെ കോടതി അനുമതി നേടിയ ശേഷമാണ് വീണ്ടും അറസ്റ്റ് ചെയ്തത്. നിതിൻ രാജ് ആത്മഹത്യ ചെയ്തതിന് മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതി അന്വേഷണസംഘത്തിന്റെ പിടിയിലായത്. കർണാടകയിലെ കുടക് ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഡോ. റാമിനെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് ഡോ. റാം മൊഴി നൽകിയിരിക്കുന്നത്. വകുപ്പ് മേധാവി എന്ന നിലയിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികളെ ശാസിച്ചിട്ടുണ്ടെന്നും, ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. അറസ്റ്റ് ഒഴിവാക്കാൻ താടി വളർത്തി രൂപം മാറ്റിയ പ്രതി സ്വന്തം സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ചിറ്റൂരും ഗുണ്ടൂരും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ജാതീയ അധിക്ഷേപവും മാനസിക പീഡനവും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും തുടർ ചോദ്യം ചെയ്യലിനുമായി ഡോ. റാമിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന.
Summary: Dr. M.K. Ram, the prime accused in the death of dental student Nithin Raj, has been re-arrested by the Crime Branch after securing court permission. The arrest comes months after the incident and follows the Supreme Court’s rejection of his anticipatory bail plea.


