ദുര്‍മന്ത്രവാദം ചോദ്യം ചെയ്തതിന്റെ പേരിൽ ഇരട്ടക്കൊല: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു കോടതി

ദുര്‍മന്ത്രവാദം ചോദ്യം ചെയ്തതിന്റെ പേരിൽ ഇരട്ടക്കൊല: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു കോടതി
 

തിരുവനന്തപുരം: പുതിയതുറയില്‍ ഒന്‍പത് വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ആറു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി.  നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദുര്‍മന്ത്രവാദം ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 2012 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പൂവാറിനടുത്ത് പുതിയതുറയില്‍ ക്രിസ്തുദാസ്, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത് .

 ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ ജീവനൊടുക്കിയത് ദുര്‍മന്ത്രവാദത്തിന്റെ ഇരയായാണെന്ന് സംശയമുണ്ടായിരുന്നു. മേരി എന്നൊരാളുടെ നേതൃത്വത്തിലാണ് ദുര്‍മന്ത്രവാദമെന്നും ആക്ഷേപം ഉയര്‍ന്നു. ക്രിസ്തുദാസും ആന്റണിയും ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കമായി. ഇതിന്റെ വൈരാഗ്യത്താല്‍ മേരിയും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ വെറുതേ വിട്ടു. മേരിയടക്കം രണ്ട് പേര്‍ വിചാരണക്കിെട മരിച്ചു. അവശേഷിച്ചതില്‍ ഒന്നാം പ്രതി സെല്‍വരാജ്, രണ്ടാം പ്രതി ജോണ്‍ഹെസ്റ്റന്‍ എന്ന വിനോദ്, ആരോഗ്യദാസ്, അലോഷ്യസ്, ജൂബാ ബി.ദാസ്, ബെര്‍ണാര്‍ഡ് ജേക്കബ് എന്നിവര്‍ക്കാണ് ശിക്ഷ. 

Share this story