

കഴക്കൂട്ടം: തിരുവനന്തപുരം മൺവിള സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനി അന്ന മരിയ (17)യ്ക്കാണ് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കഴക്കൂട്ടം ബാബുജി നഗറിലായിരുന്നു സംഭവം. നിലവിൽ വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ വിദ്യാർത്ഥിനിയായ അന്ന മരിയ പരീക്ഷ കഴിഞ്ഞ് സഹപാഠികൾക്കൊപ്പം നടന്നു പോകുകയായിരുന്നു. ബാബുജി നഗർ സ്വദേശി കബീറിന്റെ വീട്ടിലെ ഗേറ്റ് തുറന്ന സമയം പുറത്തുചാടിയ രണ്ട് നായ്ക്കൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
പേടിച്ച് ഓടിയ വിദ്യാർത്ഥിനിയുടെ ബാഗിൽ നായ്ക്കൾ ചാടിപ്പിടിച്ചു. നിലത്തു വീണ അന്ന മരിയയുടെ കാലിലും തുടയിലും നായ്ക്കൾ കടിച്ചു മുറിച്ചു. നായ്ക്കൾ മുഖത്ത് കടിക്കാൻ ശ്രമിച്ചെങ്കിലും അന്ന മരിയ നായയുടെ വായയിൽ പിടിച്ച് തടഞ്ഞതുകൊണ്ടാണ് മുഖത്ത് പരിക്കേൽക്കാത്തത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാഗ് ഉപയോഗിച്ച് നായ്ക്കളെ അടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വടിയും കമ്പിയുമായി നായ്ക്കളെ തുരത്തിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.
അപകടകാരികളായ നായ്ക്കൾ സൈനിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന അതിശക്തരായ ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളാണ് ആക്രമണം നടത്തിയത്. ഇവയുടെ ആക്രമണ സ്വഭാവം കാരണം അതീവ ജാഗ്രതയോടെ വളർത്തേണ്ടവയാണിവ.
നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടതിന് ഉടമ കബീറിനെതിരെ ശ്രീകാര്യം പോലീസ് കേസെടുത്തു. അന്ന മരിയയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.