അധിക്ഷേപ പരാമർശം; പി.കെ. ബിജുവിന് നോട്ടീസ് അയച്ച് അനിൽ അക്കര

തൃശൂർ: വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് കാട്ടി മുൻ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജുവിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര വക്കീൽ നോട്ടീസ് അയച്ചു.
തൃശൂരില്‍ എല്‍ഡി.എഫ് സഘടിപ്പിച്ച സഹകാരി മാര്‍ച്ചിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമത്തില്‍ പ്രസംഗിക്കവെ 'വാച്ച് ഡോഗ്' എന്ന് ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് വിഴുങ്ങിയ വിദ്വാനെന്ന് വിശേഷിപ്പിച്ച് തന്നെ ആക്ഷേപിച്ചു. വടക്കാഞ്ചേരിയില്‍ 140 പേര്‍ക്ക് ലൈഫ് മിഷന് വീട് കിട്ടാതിരിക്കാന്‍ സിബിഐയില്‍ കേസ് കൊടുത്ത വ്യക്തിയാണ് താനെന്ന് ബിജു പറഞ്ഞെന്നും ഇത് വാസ്തവ വിരുദ്ധവും അവമതിപ്പ് സൃഷ്ടിക്കുന്നതാണെന്നും അനിൽ നോട്ടീസിൽ വ്യക്തമാക്കി.

15 ദിവസത്തിനകം ബിജു മാപ്പ് പറയണമെന്നും മാനഹാനിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നുമാണ് അഡ്വ. എം. സച്ചിന് ആനന്ദ് മുഖേന അയച്ച നോട്ടീസില്‍ അനിൽ ആവശ്യപ്പെട്ടിരിക്കുന്നത്.