ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Sat, 20 May 2023

പാണ്ടിക്കാട്: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ വരമ്പൻപൊട്ടി സ്വദേശി പറമ്പാട്ടിൽ ദലീലിനെയാണ് (31) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷം മുമ്പ് പൂളമണ്ണ സ്വദേശി ക്രെഡിറ്റ് കാർഡ് റദ്ദാക്കുന്നതിനു വേണ്ടി ദലീലിനെ സമീപിക്കുകയും തുടർന്ന് പലതവണകളിലായി അക്കൗണ്ടിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതോടെ ഇയാൾ പാണ്ടിക്കാട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സമാന കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന പ്രതിയെ പൂളമണ്ണ സ്വദേശിയുടെ പരാതിയിൽ ജയിലിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ക്രെഡിറ്റ് കാർഡിന്റെ കസ്റ്റമർ റിലേഷൻ ഓഫിസറായി ജോലി ചെയ്യുകയായിരുന്ന ദലീൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ വരുന്ന കസ്റ്റമറുടെ അക്കൗണ്ടുകളിൽനിന്ന് അവരറിയാതെ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ 11 സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ സുനീഷ് കുമാർ, എസ്.സി.പി.ഒമാരായ അജയൻ, വിജയൻ, ഷൈജു, ശൈലേഷ് ജോൺ, സി.പി.ഒ ആൽഡസ് വിൻസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.