വീട്ടില്‍ കയറി ഗര്‍ഭിണിയായ പഞ്ചായത്ത് അംഗത്തിനെയും ബന്ധുക്കളെയും മര്‍ദിച്ചതായി പരാതി

വീട്ടില്‍ കയറി ഗര്‍ഭിണിയായ പഞ്ചായത്ത് അംഗത്തിനെയും ബന്ധുക്കളെയും മര്‍ദിച്ചതായി പരാതി
മുതലമട: ഗര്‍ഭിണിയായ പഞ്ചായത്ത് അംഗത്തിനെയും ബന്ധുക്കളെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മുതലമട പഞ്ചായത്ത് അംഗം മെച്ചിപാറ മലയോരത്ത് വസിക്കുന്ന പാപ്പാന്‍ചള്ള പട്ടികവര്‍ഗ സംവരണ വാര്‍ഡിലെ അംഗം സി.രാധ (27), ഭര്‍ത്താവ് സുധീഷ് (30), ഭര്‍തൃമാതാവ് സുലോചന (51), പിതാവ് കൃഷ്ണന്‍കുട്ടി (54) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഒമ്ബതംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചത്. സൈക്കിള്‍ ചെയിന്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് രാധ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് സുധീഷിന്റെ അമ്മാവന്റെ മകന്‍ സനൂഷ് സഞ്ചരിച്ച ബൈക്കും മുതലമട പള്ളത്തെ യുവാക്കള്‍ സഞ്ചരിച്ച മറ്റൊരു ബൈക്കും മുതലമട നിലംപതിയില്‍ കൂട്ടിയിടിച്ചിരുന്നു. സനൂഷിന്റെ താടിയെല്ലിനും കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശിയുടെ കാലിന്റെ എല്ലിനും പൊട്ടല്‍ ഉണ്ടായി.
തുടര്‍ന്നുള്ള തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ വീട്ടിലെത്തിയവരാണ് രാധയെയും ബന്ധുക്കളെയും മര്‍ദിച്ചത്. കൊല്ലങ്കോട് പൊലീസ് കേസെടുത്തു. 

Share this story