

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ വിചാരണ ചെയ്യാൻ അനുമതി നൽകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. പൊതുപ്രവർത്തകനായ മനോജ് കടകംപള്ളി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.(High Court strongly criticizes Government on Cashew Development Corporation corruption case)
ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയിട്ടും പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി വ്യക്തമാക്കി. അഴിമതി കേസുകളിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാനുള്ള അധികാരം കോടതിക്ക് ലഭിക്കണം. എങ്കിൽ മാത്രമേ ഇത്തരം അഴിമതികൾക്ക് ശാശ്വത പരിഹാരമുണ്ടാകൂ എന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു.
പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ആവർത്തിക്കുമ്പോഴും സർക്കാരിന് മാത്രം അത് ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അഴിമതി നടന്നിട്ടില്ലെന്നും പ്രതികളെ വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകൾ സിബിഐയുടെ പക്കലില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്. ഹർജി വിധി പറയാനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.