പാലക്കാട്: മണ്ണാർക്കാട് മുസ്ലീം ലീഗിൽ പടയൊരുക്കം. തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എൻ. ഷംസുദ്ദീന് ഇത്തവണ ഇളവ് നൽകേണ്ടതില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം. കല്ലടി ബക്കർ തന്നെ ഈ ആവശ്യവുമായി പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.(Clashes in Mannarkkad Muslim League against N Samsudheen)
മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ പ്രദേശവാസിയായ ഒരാൾ തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് പ്രധാന ആവശ്യം. മുൻപ് പ്രാദേശിക ഭിന്നതകൾ പരിഹരിക്കാനാണ് ഷംസുദ്ദീനെ പുറത്തുനിന്ന് കൊണ്ടുവന്നതെന്നും ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ബക്കർ ചൂണ്ടിക്കാട്ടുന്നു.
പാർട്ടി നിശ്ചയിച്ചിട്ടുള്ള ടേം വ്യവസ്ഥയിൽ ആർക്കെങ്കിലും ഇളവ് നൽകുന്നുണ്ടെങ്കിൽ അത് പ്രാദേശിക നേതാക്കൾക്കായിരിക്കണം. ഷംസുദ്ദീന് നാലാം തവണയും അവസരം നൽകുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
പ്രാദേശിക നേതാക്കളുടെ സഹകരണത്തോടെയാണ് ഷംസുദ്ദീൻ മൂന്ന് തവണയും വിജയിച്ചതെന്നും, വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം പാർട്ടി എടുക്കണമെന്നും ബക്കർ ആവശ്യപ്പെട്ടു.