കൊച്ചി: എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി നിലവിൽ ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ നിരീക്ഷണത്തിലാണ്.(Chikungunya disease spreading in Ernakulam, Alert issued)
കുന്നുകരയിൽ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 24 പേരിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ട് നാല് പേർ ചികിത്സയിലാണ്. ആകെ 19 പേർ നിലവിൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനിയാണ് പ്രധാന ലക്ഷണം. കൂടാതെ സന്ധികളിൽ കടുത്ത വേദനയും നീർവീക്കവും, പേശി വേദന, തലവേദന, കടുത്ത ക്ഷീണം, ചിലരിൽ ചർമ്മത്തിൽ ചുവന്ന പാടുകളോ ചൊറിച്ചിലോ എന്നിവയും അനുഭവപ്പെടാം.
ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ അറിയിച്ചു. ഈഡിസ് കൊതുകുകൾ വഴി പകരുന്ന രോഗമായതിനാൽ കൊതുക് നശീകരണത്തിന് മുൻഗണന നൽകണം. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

