Times Kerala

വാട്​സ്​ആപ്​ ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോർഫ്​ ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ

 
വാട്​സ്​ആപ്​ ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോർഫ്​ ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ

കട്ടപ്പന: 150 പേരെ ചേർത്ത് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കൾ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ  ഇടിഞ്ഞമലയിൽ കറുകച്ചേരിൽ ജെറിൻ, സഹോദരൻ ജെബിൻ എന്നിവരെയാണ് തങ്കമണി പൊലീസ്​ അറസ്റ്റ് ചെയ്തത്.  

ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പകവീട്ടാൻ ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാർ എന്നീ പ്രദേശത്തെയും 150ഓളം ആളുകളെ ചേർത്ത് വാട്സ്ആപ് ഗ്രൂപ് രൂപവത്​കരിച്ച് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലസന്ദേശത്തോടെ അയക്കുകയുമായിരുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചശേഷം ഗ്രൂപ്പ്  ഡിലീറ്റ് ചെയ്യുകയും ചെയ്തു. ജെറിന്‍റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപ​േയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ്​ അന്വേഷണത്തിൽ വ്യക്തമായി. ജെറിൻ ഈ അസം സ്വദേശിയെ പിന്നീട്​ നാട്ടിലേക്ക്​ തിരിച്ചയച്ചു. 

ജില്ല പൊലീസ്​ മേധാവി വി.യു. കുര്യാക്കോസിന്‍റെ നിർദേശപ്രകാരം പൊലീസ് അസം, നാഗാലാൻഡ് അതിർത്തിയിൽ എത്തി കേസിലെ പ്രധാന സാക്ഷി അസം സ്വദേശിയെ കണ്ടെത്തി നെടുങ്കണ്ടം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷം  കേസിലെ ഒന്നും രണ്ടും പ്രതികളെ  പൊലീസ്  കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ തങ്കമണി പൊലീസ്​ ഇൻസ്‌പെക്ടർ കെ.എം. സന്തോഷ്, എസ്.സി.പി.ഒ ജോഷി ജോസഫ്, പി.പി. വിനോദ്, സി.പി.ഒ ജിതിൻ അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story