Times Kerala

 ‘ബീറ്റ്സ്’ പദ്ധതിക്ക് തുടക്കമായി

 
 ‘ബീറ്റ്സ്’ പദ്ധതിക്ക് തുടക്കമായി
 

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതിയായ ബീറ്റ്സിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ‘ബീറ്റ്സ്’ പദ്ധതി എല്ലാവർക്കും മാതൃകാപരമായ പ്രവർത്തനമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.


സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷി കുട്ടികൾക്കുള്ള നീന്തൽ പരിശീലനം ‘ബീറ്റ്‌സ്’ ആരംഭിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നിവയാണ് ബീറ്റ്‌സ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്നത്.

ഈസ്റ്റ് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് പൂളിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശാദിയ ബാനു ടി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായൺ കെ.എൻ, ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ വി. ഹരീഷ്, ഇക്വിബീയിംഗ് ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് അഫ്സൽ എം.എച്ച് എന്നിവർ സംസാരിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസർ ഷീബ വി.ടി നന്ദിയും പറഞ്ഞു.

Related Topics

Share this story