തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ അക്രമത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പത്ത് പേരടങ്ങുന്ന പ്രത്യേക ക്വിക് റെസ്‌പോൺസ് ടീം ഇനി മുതൽ പ്രതിപക്ഷ നേതാവിനെ അനുഗമിക്കും.(Attack on Health Minister Veena George, Heavy security for opposition leader)
പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടികളിൽ അതാത് ഡി.വൈ.എസ്.പിമാർക്ക് സുരക്ഷാ ചുമതല നൽകാൻ നിർദ്ദേശിച്ചു. വി.ഡി. സതീശൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം കടന്നുപോകുന്ന വഴികളിലും കൂടുതൽ പോലീസുകാരെ വിന്യസിക്കും. നിലവിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് ആലപ്പുഴ ജില്ലയിലെ ആറ് മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയത്. പോലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേൽപ്പിച്ചു. സ്പീക്കർ എ.എൻ. ഷംസീറും ഈ സമയം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അക്രമത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ബുധനാഴ്ച പകൽ 3.15-ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വന്ദേഭാരതിൽ മടങ്ങാനായി സ്റ്റേഷനിലെത്തിയതായിരുന്നു മന്ത്രി. പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകുന്നതിനിടെ ഒരുസംഘം പ്രവർത്തകർ മന്ത്രിയെ തടയുകയും ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധം ഉപയോഗിച്ച് കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്.
പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. മന്ത്രിയുടെ കഴുത്തിനേറ്റ ക്ഷതം മൂലം വലതുകൈയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഇടതുകൈയ്ക്കും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനിലയും തുടർചികിത്സാ രീതികളും വിലയിരുത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും. ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ.കെ ഷിനാജ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

