തൃശൂർ: പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനായി വീട്ടിലെത്തിച്ച സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.(Another snake found in the house of a child who died of a snakebite)
വനമേഖലയോട് ചേർന്നുള്ള ഈ ഒറ്റനില വീട്ടിൽ വെച്ചാണ് ആൽജോയ്ക്കും സഹോദരൻ അനോജിനും പാമ്പ് കടിയേറ്റത്. ഒരേ ഇനത്തിൽപ്പെട്ട പാമ്പിനെ വീണ്ടും കണ്ടെത്തിയത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആൽജോയുടെ മരണകാരണം ശംഖുവരയന്റെ കടിയേറ്റതാണെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു.
കുട്ടികൾ ജ്യൂസ് കുടിച്ചിരുന്നതിനാൽ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന പോലീസിന്റെ പ്രാഥമിക നിഗമനം ഫോറൻസിക് സർജന്റെ റിപ്പോർട്ടോടെ തള്ളി. ആൽജോയുടെ മൂത്ത സഹോദരൻ പത്തു വയസ്സുകാരൻ അനോജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ ആൽജോയുടെ സംസ്കാര ചടങ്ങുകൾ നടക്കും.

