HomeKerala4 വർഷം, 1000 ടൺ പ്ലാസ്റ്റിക് മാലിന്യം; തിരുവനന്തപുരത്തെ ജലാശയങ്ങളെ വീണ്ടെടുത്ത്...

4 വർഷം, 1000 ടൺ പ്ലാസ്റ്റിക് മാലിന്യം; തിരുവനന്തപുരത്തെ ജലാശയങ്ങളെ വീണ്ടെടുത്ത് അലയൻസ് ഗ്രൂപ്പിന്റെ സി.എസ്.ആർ പദ്ധതി | Allianz Group CSR Project Technopark Trivandrum

തിരുവനന്തപുരം: അനന്തപുരിയുടെ നദികളെയും തോടുകളെയും പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി മുൻനിര ഐടി കോർപ്പറേറ്റ് കമ്പനിയായ അലയൻസ് ഗ്രൂപ്പ് നടപ്പാക്കിയ വലിയ പാരിസ്ഥിതിക പദ്ധതി വൻ വിജയത്തിലേക്ക് (Allianz Group CSR Project Technopark Trivandrum). കഴിഞ്ഞ നാല് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾക്കൊടുവിൽ നഗരത്തിലെ വിവിധ ജലാശയങ്ങളിൽ നിന്ന് 1,000 ടണ്ണിലധികം മാരകമായ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കമ്പനി തങ്ങളുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (CSR) പദ്ധതിയിലൂടെ വിജയകരമായി ശേഖരിച്ചത്. ഇത് ഏകദേശം 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമാണ്. ഈ കുപ്പികൾ ഒന്നിനുപിറകെ ഒന്നായി നിരത്തി വെച്ചാൽ ഇന്ത്യയുടെ ആകെ കടൽത്തീരത്തേക്കാൾ കൂടുതൽ നീളമുണ്ടാകും (ഏകദേശം 12,000 കിലോമീറ്റർ). അലയൻസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളായ (GCC) അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും സംയുക്തമായാണ് ഈ പദ്ധതി ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിയത്.

2022-ൽ ആരംഭിച്ച ഈ ബൃഹത് പദ്ധതിക്കായി അലയൻസ് കമ്പനികൾ തങ്ങളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 5 കോടിയിലധികം രൂപയാണ് ഇതുവരെ നീക്കിവെച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ-ഐടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്, കഴക്കൂട്ടം എം.എ.എൽ വി. മുരളീധരൻ, അലയൻസ് സർവീസസ് ഇന്ത്യ എം.ഡി ജിസൺ ജോൺ, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ചരിത്ര നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ ഉത്തരവാദിത്വശീലരായ കോർപ്പറേറ്റ് പൗരന്മാർകൂടിയാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രശംസിച്ചു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഈ പ്രതിബദ്ധത ആഗോള നിക്ഷേപകർക്ക് മികച്ച സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മികച്ച മാതൃക കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളും മറ്റ് കമ്പനികളും ഏറ്റെടുക്കണമെന്ന് മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫും കെ.എം ഷാജിയും ആവശ്യപ്പെട്ടു.

‘ട്രാഷ്ബൂം’ വിപ്ലവവും തദ്ദേശീയ തൊഴിലവസരങ്ങളും
പുഴകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുക്കിൽപ്പെട്ട് കടലിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തടഞ്ഞുനിർത്താൻ ‘ട്രാഷ്ബൂം’ (TrashBoom) എന്ന ലളിതമായ ഫ്ലോട്ടിങ് വേലികളാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. തമ്പാനൂർ തോട്, ഉള്ളൂർ തോട്, പട്ടം തോട്, തെക്കിനക്കര കനാൽ, ആമയിഴഞ്ചാൻ തോട്, കരമനയാർ, കിള്ളിയാർ, കരിയിൽ തോട്, തെറ്റിയാർ കനാൽ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട 15 തന്ത്രപ്രധാന സ്ഥലങ്ങളിൽ ഈ സംവിധാനം വഴി ദിവസവും മാലിന്യം നീക്കം ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനകളായ തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നിവരുമായി ചേർന്നാണ് അലയൻസ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ജർമ്മനിയിലെ ‘പ്ലാസ്റ്റിക് ഫിഷർ’ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

പ്രാദേശികമായി ഒട്ടനവധി പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഈഞ്ചയ്ക്കൽ, വെൺപാലവട്ടം, വള്ളക്കടവ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് അത്യാധുനിക മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ (MRF) 23 പ്രൊഫഷണലുകൾ അടങ്ങുന്ന സംഘമാണ് ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതും തരംതിരിക്കുന്നതും. ഇതിൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തമിഴ്‌നാട്ടിലെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് അയച്ച് പരിസ്ഥിതി സൗഹൃദമായി ഇന്ധനമാക്കി മാറ്റുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്ത് പ്രാദേശിക ആവശ്യങ്ങൾക്കായി മാറ്റുന്നു. വേളി ബീച്ചിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള മനോഹരമായ വേസ്റ്റ് ബിന്നുകൾ ഇത്തരത്തിൽ മാറ്റിയ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചവയാണ്.

വെള്ളപ്പൊക്ക ഭീഷണി കുറഞ്ഞു; അന്താരാഷ്ട്ര അംഗീകാരം
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പുറമെ, പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കാനായി പുത്തൻതോപ്പ്, കഠിനംകുളം, വേളി തുടങ്ങിയ സ്ഥലങ്ങളിൽ 2025 മുതൽ പ്രത്യേക ബോധവൽക്കരണ പരിപാടികളും ബീച്ച് ശുചീകരണ കാമ്പെയ്നുകളും അലയൻസ് നടത്തിവരുന്നുണ്ട്. ടെക്നോപാർക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും നഗരത്തിലെയും വലിയ പ്ലാസ്റ്റിക് തടസ്സങ്ങൾ നീങ്ങുന്നതോടെ തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ഭീഷണി ഒരു പരിധി വരെ കുറയ്ക്കാനും ഈ സി.എസ്.ആർ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഇത് ഐടി മേഖലയിലെ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളെ വലിയ നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ (UN) പ്രത്യേക അംഗീകാരവും ഈ പദ്ധതിക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അലയൻസ് തുടക്കം കുറിച്ച ഈ വിജയകരമായ മാതൃക ഇപ്പോൾ മംഗളൂരു, ബെംഗളൂരു, മുംബൈ, കാൺപൂർ, വാരണാസി തുടങ്ങിയ മറ്റ് പ്രമുഖ ഇന്ത്യൻ നഗരങ്ങളിലും മാതൃകയായി സ്വീകരിച്ച് നടപ്പിലാക്കുന്നുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിന്റെ തുടക്കകാലം മുതൽ പ്രവർത്തിക്കുന്ന അലയൻസ് ഗ്രൂപ്പിന് ഇവിടെ 6,600-ലധികം ജീവനക്കാരുണ്ട്. ലോകമെമ്പാടുമുള്ള അലയൻസ് ഓഫീസുകളിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ് എന്നത് ഈ ഐടി നഗരത്തിന് ഏറെ അഭിമാനകരമാണ്.

Story Summary:
Allianz Group’s GCC arms in India—Allianz Services India and Allianz Technology India—have achieved a landmark milestone by successfully removing over 1,000 tons of plastic waste (equivalent to 50 million bottles) from 15 major water bodies in Thiruvananthapuram over four years through their ₹5 crore CSR project. In an event attended by Ministers P.K. Kunhalikutty, Adv. Mons Joseph, and K.M. Shaji, the environmental initiative was highly praised. Utilizing German ‘Plastic Fischer’ technology and floating ‘TrashBooms’, the project, in partnership with Thanal and Sustera Foundation, has created local jobs at three MRF centers and significantly mitigated city flash flood risks, earning UN recognition and inspiring multiple Indian cities to adopt the model.

Clickable Info Box